കണിയാപുരം: അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് കോവിഡ് കാലത്തെ വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് പരിഹാരമായി ഒരു സമഗ്ര വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു. പ്രദേശത്ത് നിലവിൽ നേരിടുന്ന പരിമിതികൾ മറികടക്കാരും കുട്ടിയെ വീട്ടിലെത്തി സഹായിക്കാനും രോഗമകന്ന ഇടങ്ങളിൽ സാമൂഹ്യ പഠന കേന്ദ്രങ്ങൾ സ്ഥാപിച്ച് പഠന സൗകര്യമൊരുക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓൺലൈൻ ക്ലാസ് സമയത്ത് കുട്ടിയുടെ രക്ഷകർത്താക്കൾ തൊഴിലിടങ്ങളിൽ ആയത് കാരണം കുട്ടിക്ക് ക്ലാസ് നഷ്ടമാകുന്ന സാഹചര്യത്തിന് പരിഹാരം കാണുന്നതടക്കമുള്ള കാര്യങ്ങളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പഠനത്തിന് നിരന്തരം പിന്തുണ നൽകുന്ന തരത്തിൽ ആരംഭം കുറിക്കുന്ന ഈ വയമ്പ് സമഗ്ര സാമൂഹ്യ വിദ്യാഭ്യാസ പദ്ധതി നാളെ (തിങ്കൾ / ജൂലൈ - 12) രാവിലെ 10 മണിക്ക് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി ഉത്ഘാടനം ചെയ്യും. ആലുംമൂട്, ഗവ.എൽ.പി.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനാവും. കൂടാതെ വേദിയിൽ വച്ച് 2020/21 വാർഷിക പദ്ധതിയുടെ ലാപ്പ് ടോപ്പ് വിതരണവും, പഠനത്തിന് സ്മാർട്ട് ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് പഞ്ചായത്ത് സ്പോൺസറിംഗിലൂടെ സമാഹരിച്ച ഉപകരണങ്ങളുടെ വിതരണവും നടത്തുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.ഹരികുമാർ അറിയിച്ചു. ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി സി.അശോക്, വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എ.ആർ.റഫീഖ്, കോർഡിനേറ്റർ സി.എസ്.ഗിരീഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, ജില്ലാ പഞ്ചായത്തംഗം ഉനൈസാ അൻസാരി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദ്, വൈസ്. പ്രസിഡൻറ് കെ.മാജിദാ ബീവി എന്നിവർ പങ്കെടുക്കും.
കോവിഡ് കാല വിദ്യാഭ്യാസ പ്രതിസന്ധികൾക്ക് പരിഹാരവുമായി അണ്ടൂർക്കോണത്ത് "വയമ്പ് " പദ്ധതി നാളെ ഉത്ഘാടനം





0 Comments